Sunday, June 14, 2026

കായോത്സർഗ്ഗം




കുന്നിൻ നടുവേ പാത

കറുപ്പിൽ മുഴുക്കറുപ്പായ്‌ നീണ്ടതിൽ തൊട്ട്‌ നിൽക്കും കല്ലിലെ

മഴപോയ വഴുപ്പിൽ

അൽപ്പാൽപ്പമായി നിന്നു,

ജോസപ്പുച്ചേട്ടൻ.


അയാളന്നൊറ്റക്ക്‌.

കുന്നുമന്നൊറ്റക്ക്‌.

വഴിയിൽ നിന്ന താളൂരുബസ്സിൽ

വന്നിറങ്ങിയാൽ വന്നേക്കാവുന്ന ചിലർ

നടന്നുപോയതൊഴിച്ചാൽ വിജനത.


കല്ലിലെയുരപ്പിൽ

വഴുതലിൻ ചാറെന്ന നിലയിൽ ചോര.

നടപ്പുതെറ്റിയനീറ്റലിന്റെ മുള്ളുകൾ കോറിപ്പരന്ന ചിത്രം

ഇടക്കിടെ തുടക്കുന്നയാൾ,

പുല്ലുവാറ്റിപ്പഴുത്ത തലമുറയിൽ നിന്ന്

പൊഴിഞ്ഞുപോവാറായ്‌ നിൽക്കുന്നു.


എനിക്കന്നൊറ്റവയസ്സ്‌ .

എത്ര മുതിർന്നാലും മുതിരാത്ത ഭയം.

തെറരാത്രി കണക്കാക്കി നടക്കുന്നൊരു മിണ്ടാകുടുംബം.

ഏറ്റിയ കണക്കുനോക്കി മാറിയെടുക്കുന്ന പരുവം.

മാറിയുടുക്കുന്ന വൈകലിൽ

അഛൻ അമ്മയെ തോൽപ്പിച്ച കാലടികളുടെ ശബ്ദാനുസഞ്ചാരി.


മലകളിലുൾപ്പടർന്നുപോയതാം

മരവിപ്പുകളുടെയാദിവേരുകൾ

മിന്നലുകളാൽ തെളിഞ്ഞുവരും കണക്കിൽ

ജോസപ്പുച്ചേട്ടനിലേക്ക്‌

മുരിക്കുകളിൽ പിടിപ്പിച്ച കുരുമുളക്‌ വള്ളികൾ പടർന്നു.

മഴക്കുഴിവെട്ടുമ്പോൾ തൂമ്പതെറ്റിയടർന്ന പെരുവിരലിൻ നഖത്തിൽ ഒരു മൊട്ട്‌.


എനിക്കന്നൽപ്പനേരം ഉണർച്ച,

അധികനേരവും ചേമ്പിലപോലുറക്കം.

നനഞ്ഞ മരങ്ങളിൽ വെളിച്ചം മുറുക്കുന്ന

വള്ളിച്ചെടികൾ വളർന്നുയരാൻ തുടങ്ങിയത്‌ കാണായി.


ജോസപ്പുചേട്ടനിലേക്ക്‌

അവയുടെ വളർച്ച നീന്തി.


മരണത്തിലിറങ്ങുന്നതിന്‌ മുൻപ്‌

ജോസപ്പുചേട്ടനെ

വഴിയിൽ പലരും കണ്ടു.

ഞങ്ങളിൽ ഞാനെന്നപോലെ.

ഇറങ്ങല്ലേ ജോസഫേ പിന്നെ കയറാനൊക്കില്ല

എന്ന് ആരേലും പറയുമെന്ന് കരുതി,

അയാൾ പലരുടേയും മുന്നിൽ പ്രത്യക്ഷനായെന്ന് പറയാം.

അല്ലെങ്കിൽ യാദൃച്ഛികതകളുടെ സിദ്ധാന്തത്തിന്‌ അയാൾ അസംസ്കൃതനായി.


മരവിപ്പുകളുടെ പ്രേതാംശം കുന്നിൽ കാണപ്പെട്ട കാലം

ഗതിവിട്ടൊഴുകിയ ഒരാൾ

തൈലപ്പുൽക്കുന്നാകെ റബ്ബറുനട്ട്‌ പാലുറക്കും വരെ

കാത്തിരിക്കാതെ മരിച്ചു.


അകാരണങ്ങളിൽ തൂങ്ങിനിന്നില്ല.

തടഞ്ഞുനിന്നില്ല.

എല്ലാ പൂർവ്വിക മരണങ്ങളേയും ഗൗനിച്ചില്ല.

പാറപ്പുറത്ത്‌ ജോസപ്പുചേട്ടൻ നിന്നനിൽപ്പാലെ പൊലിഞ്ഞു.

അയാളുടെ ശേഷിപ്പുപോലും കണ്ടെത്തിയില്ല.

പിറ്റേന്നത്തെ പകൽപ്പാത്രത്തിൽ

കഥകളുടെ വിരുന്ന് വെച്ച്‌ വെയിൽ കുന്നുകയറിപ്പോയി.

മഴയാർത്ത്‌ ചൊരിഞ്ഞു.

അയാൾ കടന്നുപോയ ദിവസം കുന്ന്

കനം കൊണ്ട്‌ കനത്തു.



എനിക്കന്ന് ഓർമ്മകൾ മുളക്കുന്നതേയുള്ളൂ.

മുള്ളുകൊണ്ടപോലെ അതിന്റെ ഉപരിതലം മുറിഞ്ഞു.

അതിനാൽ അതെന്നെ

പിന്നെപ്പോഴും നീറ്റി.

മരിച്ചവരെല്ലാം പോയ്ക്കഴിഞ്ഞ

ഒരു ദിവസം.

ഞാൻ ജോസഫുചേട്ടനെക്കുറിച്ച്‌ അന്വേഷിച്ചിറങ്ങി.


എനിക്കിപ്പോൾ ആ നിൽപ്പ്‌ മാത്രമാണൊർമ്മ.

ആരും കാണാത്തൊരോർമ്മ.

ഒറ്റക്കോ തെറ്റക്കോ അയാളെ ഓർമ്മിക്കുന്നവരുണ്ട്‌.

കാണാതായെന്നോ മരിച്ചതെന്നോ

ഓർമ്മ പരതുന്നവരുണ്ട്‌.‌

ഇറങ്ങിപ്പോയേന്നോ ഇറക്കിവിട്ടെന്നോ പറയുന്നവരുണ്ട്‌.

കോറിക്കുളത്തിൽ കിടപ്പുണ്ടെന്നോ

കൊല്ലിത്തൊടിയിൽ തിന്നുപോയെന്നോ കരുതുന്നവരുണ്ട്‌.


ജോസപ്പുചേട്ടൻ എത്ര വിധം മരിച്ചു.

എത്ര അടക്കങ്ങൾ അയാൾ കൊണ്ടു.


എനിക്കന്ന് അരൂപമായവ

രൂപപ്പെടും കാലം.

അദൃശ്യത ദൃശ്യപ്പെടും കാഴ്ച.

മുൻപേ നടന്ന അഛനും

പിൻപേ നടന്ന അമ്മക്കും

ഇടയിൽ നിന്ന് വെളിപ്പെട്ട ജ്ഞാനബുദ്ധൻ.

എനിക്കന്നറിയാം മനുഷ്യരുടെ അകാരണതെളിച്ചം.


കുന്ന് കുന്നാകെ മരവിപ്പ്‌ പടർന്ന,

കരഞെണ്ടുകൾ കരകയറി

കൂപ്പുമരങ്ങൾ കയറി തൊണ്ടുതൊണ്ടായ്‌ പൊടിഞ്ഞ കാലം.


ചുരം പിടിച്ചിട്ട തിരിച്ചുവരവിൽ

താളൂരുബസിൽ വന്നിറങ്ങിയാൽ വന്നുകേറുന്നവർ

കയറിപ്പോയേക്കാവുന്ന കുന്നിൽ

കണ്ടെത്തിയേക്കാവുന്ന തന്നെത്തന്നെ

തിരിച്ചുവിളിച്ചേക്കാവുന്ന ലളിതമായ മരണത്തിൽ

അങ്ങനെ നിൽപ്പുതുടർന്നെന്നേയുള്ളൂ

ജോസപ്പുചേട്ടനിൽ ആ അകാരണത്വം.


എനിക്ക്‌ ഇപ്പോഴില്ല,പഴയ ദൃശ്യത.

ഇല്ലെങ്കിലീമടക്കത്തിൽ ഞാനും കണ്ടുതീർത്തേനെ.

ഓർമ്മതിരക്കിൽ ഒഴിഞ്ഞുപോയ,പരിചിതത്വത്തിൽ

താളൂരുബസിൽ വന്നിറങ്ങിയേക്കാവുന്നവർ

കണ്ട്‌ പണിതീർത്ത മഹാശിൽപ്പം.




1 comment:

  1. Ratheesh VasudevanJune 15, 2026 at 12:32 AM

    ഹേ....
    താളൂര് കടന്ന് തെയ്യകുനി പിന്നിട്ട് പനഞ്ചിറ കഴിഞ്ഞ് കൊന്നച്ചാലിലേക്ക് നീങ്ങുന്ന മനുഷ്യരുടെ നിര കണ്ടിരുന്നോ ആവോ ....പാറപ്പുറത്ത് ജോസഫ് .....?
    (ഓർമ്മകൾക്കെന്ത് കനം തോന്നും ഉപ്പ്നനവ്.)
    (കെആറീയൻ മുദ്ര❣️)

    ReplyDelete